തിരുവനന്തപുരം; ഇസ്രയേല്‍ പണ്ടേ ലോകതെമ്മാടിയായിട്ടുള്ള രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ലോകത്ത് സാധാരണനിലയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന നിലപാട് അംഗീകരിച്ചുപോകുന്ന രാഷ്ട്രമാണ്. എന്തുമാകാം അമേരിക്കയുടെ പിന്തുണയുണ്ട് എന്ന ധീക്കാരപൂര്‍ണമായ സമീപനമാണ് എല്ലാ കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്.’- മുഖ്യമന്ത്രി പറഞ്ഞു.
‘അത്യന്തം സ്ഫോടാനാത്മകമായ വിവരങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. അതാണ് ഇറാന് നേരെ നടത്തിയ ആക്രമണം. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാനാവില്ല. അത് ലോകസമാധാനത്തിന് ഭീഷണമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. സമാധാനകാംഷികള്‍ ഇതിനെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാവണം’ – മുഖ്യമന്ത്രി പറഞ്ഞു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. മിസൈലുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കി.


