ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര് ഇന്ത്യന്‍ പൗരത്വവും 53 പേര് ബ്രിട്ടീഷ് പൗരത്വവും 7 പേര് പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.
അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.


