വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ( MSC Mansa – F ) ചരക്കുകപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ( Kerala Highcourt ) നിര്‍ദേശം. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കമ്പനിയുടെ എല്‍സ-3 ( MSC Elsa- 3 ) എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അപകടത്തില്‍പ്പെട്ട കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.
ആറു കോടിയുടെ നഷ്ടം കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ഉണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ പണം കെട്ടിവെക്കാതെ എംഎസ്സിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.
കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുറംകടലില്‍ കഴിഞ്ഞ ദിവസം തീപിടിച്ച വാന്‍ഹായ് കപ്പലപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


