താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈകോടതി ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണം.
കോടതി ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടി പ്രതികളായ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലാണ് വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27ന് താമരശ്ശേരിയിലെ ട്യൂഷന് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ നിസാര തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. ഷഹബാസിനെ (15) ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഷഹബാസ് മരിക്കുകയായിരുന്നു.


