കണ്ണൂരില്‍ കൈക്കൂലി വാങ്ങിയതില്‍ പൊലീസുദ്യോഗസ്ഥന് സസ്പെന്ഷന്. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്രയാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.
മെയ്13 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍ പൊലീസ് സ്റ്റേഷന് മുന്‍വശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയില്‍ വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖില്‍ ജോണിനെ സ്റ്റേഷനില്‍ കൊണ്ടു പോവുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയക്കുകയായിരുന്നു. പിന്നാലെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
കോടതിയിലും പകരക്കാരനും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


