ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എഴുതുന്നു:
ഫെബ്രുവരി മൂന്നിന് ഞാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും പിന്നീടു നടന്ന പത്രസമ്മേളനത്തിലും, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. മുന്‍പത്തെ ചില തിരഞ്ഞെടുപ്പ് ഫലങ്ങളെ ഞാന്‍ വിചിത്രമെന്നു കരുതിയിട്ടുണ്ട്.
എന്നാല്‍, 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അതിലുമൊക്കെ എത്രയോ വിചിത്രമായിരുന്നു. നടന്ന കൃത്രിമത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ മറച്ചുവെക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും അനൗദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാതെ, ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകളില്‍നിന്നു തന്നെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ തെളിവുകള്‍ അവിടെ നടന്നതെന്താണെന്നത് ഘട്ടംഘട്ടമായി മനസ്സിലാക്കിത്തരുന്നു.
2023-ലെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനനിയമം, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഫലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് 2:1 ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുന്നു എന്ന് ഉറപ്പാക്കുന്നു. കാരണം, മൂന്നാമത്തെ അംഗമായ പ്രതിപക്ഷ നേതാവിനെ അവര്‍ക്ക് വോട്ടിങ്ങില്‍ എപ്പോള്‍ വേണമെങ്കിലും മറികടക്കാം. ഈ മാന്യന്മാര്‍കൂടി മത്സരിക്കുന്ന കളിയുടെ അമ്പയര്‍മാരെയാണ് ഇവിടെ തിരഞ്ഞെടുക്കുന്നതെന്നോര്‍ക്കണം.
തിരഞ്ഞെടുപ്പ് സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനവും കളങ്കിതമാണ്. നിങ്ങള്‍ സ്വയം ചോദിക്കുക, ഒരു പ്രധാന സ്ഥാപനത്തിലെ നിഷ്പക്ഷനായ മധ്യസ്ഥനെ ഒഴിവാക്കാന്‍ ഒരാള്‍ ഇത്രയധികം കഷ്ടപ്പെടുന്നത് എന്തിനുവേണ്ടിയാണ്? ചോദ്യംചോദിച്ചാല്‍ മാത്രമേ ഉത്തരം ലഭിക്കുകയുള്ളൂ.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം, 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മഹാരാഷ്ട്രയില്‍ 8.98 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അഞ്ചുവര്‍ഷത്തിനു ശേഷം 2024 മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് 9.29 കോടിയായി ഉയര്‍ന്നു. എന്നാല്‍, വെറും അഞ്ചുമാസത്തിനുള്ളില്‍, 2024 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സംഖ്യ 9.70 കോടിയായി കുതിച്ചുയര്‍ന്നു. അഞ്ചുവര്‍ഷംകൊണ്ട് 31 ലക്ഷത്തിന്റെ വര്‍ധനയുണ്ടായിടത്ത് അഞ്ചുമാസത്തില്‍ 41 ലക്ഷത്തിന്റെ കുതിച്ചുചാട്ടം! സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ പ്രകാരം 9.54 കോടി പ്രായപൂര്‍ത്തിയായവര്‍ മാത്രമുള്ളിടത്താണ് 9.70 കോടി വോട്ടര്‍മാര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത് എന്നതിലാണ് ഈ പ്രതിഭാസത്തിന്റെ അവിശ്വസനീയത.
പോളിങ് സ്റ്റേഷനുകളില്‍ എത്തിയവര്‍ക്കും നിരീക്ഷകര്‍ക്കും മഹാരാഷ്ട്രയിലെ വോട്ടെടുപ്പു ദിവസം തികച്ചും സാധാരണമാണെന്നു തോന്നി. മറ്റെവിടെയും ചെയ്യുന്നതുപോലെ വോട്ടര്‍മാര്‍ വരിയില്‍നിന്ന് വോട്ട് രേഖപ്പെടുത്തിയശേഷം വീടുകളിലേക്കു മടങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ പോളിങ് ബൂത്തുകളില്‍ പ്രവേശിച്ച വോട്ടര്‍മാരെ വോട്ടു രേഖപ്പെടുത്തുന്നതുവരെ അവിടെ തുടരാന്‍ അനുവദിച്ചു. ഏതെങ്കിലും വോട്ടെടുപ്പു കേന്ദ്രത്തില്‍ അസാധാരണമായി നീണ്ടവരികളോ തിരക്കോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.
എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് വോട്ടെടുപ്പു ദിവസം ഏറെ നാടകീയമായിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് പോളിങ് ശതമാനം 58.22 ആയിരുന്നു. വോട്ടെടുപ്പ് അവസാനിച്ചതിനുശേഷവും പോളിങ് ശതമാനം കൂടിക്കൊണ്ടേയിരുന്നു. അന്തിമ പോളിങ് ശതമാനം അടുത്തദിവസം രാവിലെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അത് 66.05 ശതമാനമായിരുന്നു. അഭൂതപൂര്‍വമായ ഈ 7.83 ശതമാനം വര്‍ധന 76 ലക്ഷം വോട്ടര്‍മാര്‍ക്ക് തുല്യമാണ്. ഇത് മഹാരാഷ്ട്രയിലെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കാള്‍ വളരെ കൂടുതലാണ്.
അസ്വാഭാവികതകള്‍ ഇവിടെയും തീരുന്നില്ല. മഹാരാഷ്ട്രയില്‍ ഏകദേശം ഒരുലക്ഷം പോളിങ് ബൂത്തുകളുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ചവെച്ച 85 മണ്ഡലങ്ങളിലെ ഏകദേശം 12,000 ബൂത്തുകളില്‍ മാത്രമാണ് അധികമായിച്ചേര്‍ന്ന വോട്ടര്‍മാരില്‍ ഭൂരിഭാഗവും വോട്ടുചെയ്തത്. അതായത്, വൈകുന്നേരം അഞ്ചുമണിക്കുശേഷം ഓരോ ബൂത്തിലും ശരാശരി 600-ലധികം വോട്ടര്‍മാരെത്തി. ഓരോ വോട്ടര്‍ക്കും വോട്ടുചെയ്യാന്‍ ഒരു മിനിറ്റ് കണക്കാക്കിയാല്‍പ്പോലും വോട്ടെടുപ്പ് 10 മണിക്കൂര്‍ നീട്ടേണ്ടിവരും. ഇത് സംഭവിക്കാത്തതുകൊണ്ടുതന്നെ ഈ അധികവോട്ടുകള്‍ എങ്ങനെയാണ് രേഖപ്പെടുത്തിയതെന്ന ചോദ്യമുയരുന്നു. ഈ 85 സീറ്റുകളില്‍ ഭൂരിഭാഗവും എന്‍ഡിഎ നേടിയതില്‍ ആശ്ചര്യപ്പെടാനില്ല.
തിരഞ്ഞെടുപ്പു കമ്മിഷന്, വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുത്തനെയുള്ള വര്‍ധനയെ ‘യുവാക്കളുടെ പങ്കാളിത്തത്തിലെ സ്വാഗതാര്‍ഹമായ പ്രവണത’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഈ ‘സ്വാഗതാര്‍ഹമായ പ്രവണത’ 12,000 ബൂത്തുകളില്‍ മാത്രമായി ഒതുങ്ങി. ബാക്കിയുള്ള 88,000 ബൂത്തുകളില്‍ ഇത് കണ്ടില്ല!
മണ്ഡലങ്ങളിലൊന്നായ കാംതിയെ ഇവിടെ ഒരു കേസ് സ്റ്റഡിയായി ഉപയോഗിക്കാം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കാംതിയില്‍ 1.36 ലക്ഷം വോട്ടുലഭിച്ചപ്പോള്‍, ബിജെപിക്ക് 1.19 ലക്ഷം വോട്ടാണ് ലഭിച്ചത്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍സിക്ക് 1.34 ലക്ഷം വോട്ടുലഭിച്ചു. ഇത് മുന്‍പ്രകടനത്തിന് ഏതാണ്ട് സമാനമായ സംഖ്യയാണ്. എന്നാല്‍, 56,000 വോട്ടുകള്‍ അധികംനേടിയ ബിജെപിയുെട വോട്ടുകള്‍ 1.75 ലക്ഷമായി ഉയര്‍ന്നു. രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ കാംതിയില്‍ പുതുതായിച്ചേര്‍ന്ന 35,000 വോട്ടര്‍മാരുടെ കൂട്ടത്തില്‍നിന്നാണ് ഈ കുതിച്ചുചാട്ടം വന്നത്. ഇതു പരിശോധിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാത്ത മിക്കവാറും എല്ലാ വോട്ടര്‍മാര്‍ക്കും പുതുതായിച്ചേര്‍ന്ന 35,000 വോട്ടര്‍മാര്‍ക്കും ബിജെപിയിലേക്ക് കാന്തികമായി എന്തോ ആകര്‍ഷണം സംഭവിച്ചതായി കാണാം. ആ കാന്തത്തിന്റെ താമരരൂപം തിരിച്ചറിയാന്‍ പ്രയാസമില്ല.
മേല്‍പ്പറഞ്ഞ ഒന്നുമുതല്‍ നാലുവരെയുള്ള ഘട്ടങ്ങളുടെ ഫലമായി 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ച 149 സീറ്റുകളില്‍ 132 എണ്ണത്തിലും ജയിച്ചു. ബിജെപിക്ക് മുന്‍പ് ലഭിച്ചിട്ടുള്ള എല്ലാ വിജയശതമാനങ്ങളെക്കാളും കൂടുതലായിരുന്നു ഇവിടത്തെ 89 ശതമാനം വിജയം. വെറും അഞ്ചുമാസംമുന്‍പുനടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയശതമാനം 32 മാത്രമായിരുന്നു.
പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തിരഞ്ഞെടുപ്പു കമ്മിഷന് മൗനം പാലിക്കുകയോ ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്തു. 2024 ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ, ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ലഭ്യമാക്കണമെന്നുള്ള അഭ്യര്‍ഥനകള്‍ അവര്‍ പെട്ടെന്നുതന്നെ തള്ളിക്കളഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസംമാത്രം പിന്നിട്ടപ്പോള്‍, ഒരു പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പിന്റെ വീഡിയോയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ, കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിയാലോചിച്ച് 1961-ലെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ സെക്ഷന്‍ 93(2)(എ) ഭേദഗതിചെയ്തു. ഇത് സിസിടിവി ദൃശ്യങ്ങളുടെയും ഇലക്ട്രോണിക് രേഖകളുടെയും ലഭ്യത പരിമിതപ്പെടുത്തി.
വോട്ടര്‍പട്ടികകളും സിസിടിവി ദൃശ്യങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങളാണ്. അല്ലാതെ ജനാധിപത്യം ആക്രമിക്കപ്പെടുമ്പോഴും നിലവറയില്‍വെച്ച് പൂട്ടാനുള്ള അലങ്കാരവസ്തുക്കളല്ല. ഒരു രേഖയും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും നശിപ്പിക്കപ്പെടുകയുമില്ലെന്നും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അവകാശമുണ്ട്. രേഖകള്‍ പരിശോധിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേരുവെട്ടുക, വോട്ടിങ് കേന്ദ്രങ്ങള്‍ മാറ്റിനല്‍കുക തുടങ്ങിയ കൃത്രിമത്വങ്ങള്‍ പുറത്തുവരുമെന്ന് പലര്‍ക്കും ആശങ്കയുണ്ട്.
ഈ തിരഞ്ഞെടുപ്പ് അട്ടിമറി വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്ന ഭയവുമുണ്ട്. രേഖകള്‍ പരിശോധിക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ രീതിയും അതിനുപിന്നിലുള്ള വ്യക്തികളും വെളിച്ചത്തുവരും എന്നതില്‍ സംശയമില്ല. എന്നിട്ടും ഈ രേഖകളിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും മുന്നില്‍ തടസ്സങ്ങള്‍ മാത്രമാണ്. ഇത് കായികരംഗത്തെ ഒത്തുകളിക്ക് (മാച്ച് ഫിക്സിങ്) സമാനമാണ്. ഒത്തുകളി നടത്തുന്നപക്ഷം ഒരു കളി ജയിച്ചേക്കാം. എന്നാല്‍, അത് കളിയിലും ഫലത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുപിടിക്കാനാകാത്തവിധം നശിപ്പിക്കും. ഒത്തുകളിനടന്ന തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തെയും വിഷലിപ്തമാക്കും.


