നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.


