സർക്കാർ വാർഷികാഘോഷ പരിപാടികൾക്ക് കോടികൾ പൊടിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഓണറേറിയം കൊടുക്കാൻ പണമില്ല. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം കഴിഞ്ഞ 12 മാസമായി മുടങ്ങി. 2024 മെയ് മാസത്തിന് ശേഷം 2024 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള 2024-25 സാമ്പത്തിക വർഷത്തിലെ 10 മാസത്തെ ഓണറേറിയവും 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ 2 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.
കേരളോത്സവം ഉൾപ്പെടെയുള്ള യുവജന ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഇത്രയും നീണ്ട കാലത്തേക്ക് ഓണറേറിയം മുടങ്ങുന്നത് ആദ്യമായാണ്. സാധാരണ ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ വിശേഷ സമയങ്ങളിൽ ഓണറേറിയം വിതരണം ചെയ്യാറുണ്ടെങ്കിലും, ഇത്തവണ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ഓഫീസുകളിലോ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർമാരോടോ ഇതേക്കുറിച്ച് ചോദിച്ചാൽ മറുപടി പോലും ലഭിക്കുന്നില്ല.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിതമായി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനുശേഷവും ഓണറേറിയം വിതരണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂത്ത് കോ-ഓർഡിനേറ്റർമാർ ആരോപിക്കുന്നു.അതിനിടെ, യുവജന ക്ഷേമ ബോർഡിന്റെ പുതിയ വൈസ് ചെയർമാനായി വി.കെ. സനോജിനെ നിയമിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കായി ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം വിഷയത്തിൽ ‘ചുവപ്പ് നാട’യിൽ കുരുങ്ങിക്കിടക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
‘സർക്കാർ വാർഷിക ആഘോഷങ്ങൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ, വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്, ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് കോ-ഓർഡിനേറ്റർമാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.


