ഇരിങ്ങാലക്കുട പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്ന പ്രേംകുമാര്‍ ആദ്യഭാര്യയെ കൊന്ന കേസിലെ പ്രതി. പടിയൂര്‍ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
ആദ്യഭാര്യ ഉദയംപേരൂരിലെ വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.
മണിയുടെ മൂത്ത മകള്‍ അമ്മയെ വിളിച്ചിട്ട് രണ്ട് ദിവസമായി കിട്ടിയിരുന്നില്ല. ഇന്നലെ ഇവര്‍ താമസിച്ച വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സിന്ധു പടിയൂരിലെ വീട്ടിലെത്തി പിറകില്‍നിന്നും വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. കിടപ്പുമുറിക്കും അടുക്കളക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നത്. കാട്ടൂര്‍ സി.ഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ശരീരങ്ങള്‍ അഴുകിയ നിലയിലാണ്.
രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് പ്രേംകുമാര്‍. ഇയാള്‍ക്കെതിരെ കുറച്ച് ദിവസം മുമ്പ് ഇരിങ്ങാലക്കുട വനിത സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രേംകുമാര്‍ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


