തിരുവനന്തപുരം∙ ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ്ങിന് ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.
ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനിലുമില്ലെന്ന് ലിയോൺസ് പറഞ്ഞു. വാഹനത്തിന് യാതൊരു വിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം റിസ്കിലാണ് പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിന് കേടു പാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ വരെ മോഷണം പോകുന്നതും നിത്യസംഭവങ്ങളാണ്.


