ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്റാന് പൊലീസ് മോചിപ്പിച്ചു. തെഹ്റാനിലെ വരാമില്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. ഇന്ത്യയിലെ ഇറാന് എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചത്. സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
‘തെഹ്റാന് പൊലീസ് കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിച്ചു. ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ പൊലീസ് കണ്ടെത്തി വിട്ടയച്ചതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു -ഇറാന് എംബസിയുടെ എക്സ് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ മാസമാണ് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി തെഹാറാന്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള മൂന്നു പേരാണ് ആസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിലെത്തിയത്. ഇറാനില്‍ എത്തിയതിന് പിന്നാലെ മൂന്നു പേരെയും കാണാതാവുകയായിരുന്നു. മേയ് 29ന് കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി ഇന്ത്യയിലെ ഇറാന് എംബസി ഔദ്യോഗികമായി അറിയിച്ചിരുന്നു.


