ഇടുക്കി അടിമാലിയില്‍ നിയന്ത്രണം ലംഘിച്ച് സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ച സംഭവത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ എം.എം മണിയുടെ സഹോദരന് എം.എം ലംബോദരന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു.
ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും ഉത്തരവ് ലംഘിക്കാന്‍ പ്രേരിപ്പിച്ചതിനുമാണ കേസ്. അടിമാലി പൊലീസാണ് കേസെടുത്തത്. അതേസമയം മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തിയെന്നും എഫ് ഐആറില്‍ പറയുന്നു.
ഇരുട്ടുകാനത്തുള്ള ഹൈറേഞ്ച് സിപ് ലൈന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സാഹസിക വിനോദസഞ്ചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴ കാരണം ജില്ലയില്‍ വിനോദസഞ്ചാരം പൂര്‍ണമായും നിരോധിച്ചിരുന്നു.
സ്ഥാപനം നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു.


