നടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ രണ്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപം നടത്തിയതിനു പുറമേ പിന്തുടര്ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. അതേസമയം ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസടുത്തത്.
നടി നല്കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ജയില്‍ നിന്ന് ഇറങ്ങിയ ബോബി ചെമ്മണ്ണൂര്‍ പരസ്യമായി മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.


