തൊടുപുഴ: തൊണ്ടി മുതലായ സൈക്കിളും റബ്ബര്‍ ഷീറ്റും കടത്തികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. കാളിയാര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയ്മോനെയാണ് സസ്പെന്‍ഡ് ചെയ്തത്.
തൊടുപുഴ സ്റ്റേഷനിലെ തൊണ്ടി മുതലായ സ്പോര്‍ട്സ് സൈക്കിള്‍ കടത്തികൊണ്ട് പോകാനാണ് ഉദ്യോഗസ്ഥന് ശ്രമിച്ചത്. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
മേയ് അഞ്ചിനാണ് തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടില്‍ നിന്ന് 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുളള സൈക്കിളും കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. സൈക്കിള്‍ തൊടുപുഴ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശവും നല്കി.
എന്നാല്‍ സൈക്കിള്‍ വാങ്ങാനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈക്കിള്‍ കാണാതായ വിവരം അറിയുന്നത്. സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തിയത്.


