ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Comments


