പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.
യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


