മാനേജരെ മര്‍ദിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന് ഉണ്ണി മുകുന്ദന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു.
സിസടിവി ക്യാമറയുള്ളിടത്താണ് സംഭവം നടന്നതെന്നും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. സുഹൃത്തിനെ പോലെയുണ്ടായിരുന്ന വ്യക്തി തന്നെകുറിച്ച് അപവാദം പറഞ്ഞത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഈ സമയം തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
അതേസമയം ഉണ്ണി മുകുന്ദന് മര്‍ദ്ദിച്ചെന്ന മാനേജരുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദന് വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകോപനം റിവ്യൂ രേഖപ്പെടുത്തിയതിലെ വിരോധമെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജര്‍ വിപിന്‍ പ്രതികരിച്ചത്.
അതേസമയം പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന് ഹര്‍ജിയില്‍ പറയുന്നു.
ഇതിനിടെ ഉണ്ണി മുകുന്ദനെതിരായ പരാതിയില്‍ മാനേജര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദിച്ചതായുള്ള ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫ്ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍.
കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റിലെ പാര്‍ക്കിങ്ങില്‍ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയില്‍ ഇല്ല.
നടന് ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. വിപിന്‍ കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.


