ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതി അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയില്‍ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ മേല്‍ക്കൂര തകര്‍ന്ന് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടരും. സംസ്ഥാനത്തെ പല ജില്ലകളിലും അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയില്‍ വ്യാപക നഷ്ടമാണ് പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. എട്ടു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത്.
അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ വിവരം അറിയിക്കാം.


