റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ കേസില്‍ സുപ്രധാന വിധി. പൊതു അവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരം 20 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചു. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഇന്ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി എന്നതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം ജയില്‍ മോചിതനാവും.
ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ് നടന്നത്. ഒറിജിനല്‍ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് അന്ന് കേസ് മാറ്റിവെക്കുകയായിരുന്നു.
സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനാല്‍ മാസങ്ങള്‍ക്കകം റഹീമിന് പുറത്തിറങ്ങാനാകും.
34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലന് അനസ് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.


