കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സയില്‍ നിന്നുള്ള കണ്ടെയ്നറുകളില്‍ രണ്ടെണ്ണം ആലപ്പുഴ വലിയഴീക്കല്‍ തീരത്തടിഞ്ഞു. അറബിക്കടലില്‍ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.376 കി.മീ.) അകലെയാണ് കപ്പല്‍ മുങ്ങിയത്. അതേസമയം ആലപ്പുഴ തീരത്തടിഞ്ഞ കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലില്‍ വീണിട്ടുണ്ട്. രാസ മാലിന്യങ്ങള്‍ ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കപ്പലിലെ കണ്ടെയ്നറുകള്‍ അടിയുന്നത് കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് തീരദേശം. ആകെ ഒമ്പതു കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. ഏഴ് എണ്ണം കൊല്ലം തഴ്ത്ത് അടിഞ്ഞിരുന്നു. കൊല്ലം ചെറിയഴീക്കല്‍, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് കണ്ടെയ്നറുകള്‍ എത്തിയത്. ഇതില്‍ പരിമണത്തെ രണ്ട് കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള സംഘം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു.
ജനങ്ങള്‍ കണ്ടെയ്നറിന് അടുത്തേക്ക് പോകരുതെന്നും സ്പര്‍ശിക്കരുതെന്നും പൊലീസ് അറിയിച്ചു. കണ്ടെയ്നര്‍ പരിശോധനക്ക് വിദഗ്ധ സംഘം എത്തും. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലില്‍ എത്തുന്നത് തടയാന്‍ ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശം നല്കി.


