കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളിലാണ് ഇവരെ കരക്കെത്തിച്ചത്. കടലില്‍ മുങ്ങിയ കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.
കപ്പലിലെ കണ്ടെയ്നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി ചെരിഞ്ഞ കപ്പലിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ എംഎസ്സി എല്‍സ കപ്പല്‍ കമ്പനി നടത്തിയ നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. 10 മണിയോടെ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി.
തുടര്‍ന്നാണ് ക്യാപ്റ്റനെയും രണ്ട് എഞ്ചിനീയര്‍മാരെയും കപ്പലില്‍ നിന്ന് നേവിയുടെ സുജാത ഷിപ്പിലേക്ക് മാറ്റിയത്. ഉച്ചയോടെ 24 പേരടങ്ങുന്ന ജീവനക്കാരുടെ സംഘം കൊച്ചിയിലെത്തി.
എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജീവനക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഏജന്റ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. 21 ഫിലിപ്പൈന്‍സ് സ്വദേശികളും രണ്ട് യുക്രൈന്‍കാരും റഷ്യയില്‍ നിന്നും ജോര്‍ജ്ജിയില്‍ നിന്നുമുള്ള ഓരോരുത്തരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.


