കൊച്ചി കടല്‍ തീരത്തിനടുത്ത് അപകടത്തില്‍പെട്ട കപ്പല്‍ കൂടുതല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു. കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലില്‍നിന്നു മാറ്റി. അതേസമയം കപ്പല്‍ താഴ്ന്നതോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണു. എന്നാല്‍ കപ്പല്‍ നിവര്‍ത്തുന്നതിനായി മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് എത്തിയത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
കപ്പല്‍ കരയിലേക്ക് അടുപ്പിക്കാനുള്ള നാവിക സേനയുടെ ശ്രമം തുടരുകയാണ്.
കടലില്‍ വീണ കണ്ടെയ്നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകള്‍ തീരത്ത് അടുത്തേക്കും. അതേസമയം കണ്ടെയ്നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ടാണ് കണ്ടെയ്നറുകള്‍ കടലില്‍ വീണത്. കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളില്‍ ചിലതു കടലില്‍ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്‍ ലഭിച്ചത്.


