പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിനു പിന്നാലെ സ്ഥലത്ത് കാട്ടാനയെ തുരത്താന്‍ പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ റബ്ബര്‍ തോട്ടത്തിലാണ് വനം വകുപ്പ് പ്രൊട്ടക്ഷന്‍ അലാം സ്ഥാപിച്ചത്. ഇതനുസരിച്ച് സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായാല്‍ ഇവ തിരിച്ചറിഞ്ഞ് അലാറം ശബ്ദിക്കും.
ശബ്ദം കേട്ട് കാട്ടാന സ്ഥലത്ത് നിന്ന് രക്ഷപ്പെടുമെന്നും പ്രദേശവാസികള്‍ക്ക് ഇത് മുന്നറിയിപ്പ് ആകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ഇത് കൂടാതെ അലാറം വെച്ചിരിക്കുന്ന കുളത്തുമണ്ണില്‍ വനപാലകരുടേയും പ്രദേശവാസികളുടെയും സംയുക്ത ടീമിനെ നിരീക്ഷണത്തിന് രൂപീകരിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍, ഡി എഫ് ഒ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടതോടെ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് അലാറം സ്ഥാപിക്കുകയുമായിരുന്നു.


