ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകര്‍ രംഗത്തുവന്നു. വഖഫ് ഇസ്ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.
ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന് പറഞ്ഞു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള് സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന് വാദിച്ചു.
ദാനധര്‍മം ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്കി.
വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.


