കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന് അജ്മല്‍ റോഷന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.


