കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. ആക്ഷേപം സ്വീകരിക്കലും പരിശോധനയും ഹിയറിംഗുമെല്ലാം പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഭരണത്തിന്റെ ബലത്തില്‍ സി.പി.എം നടത്തിയ ജനാധിപത്യക്കശാപ്പാണിത്. ഗുരതരമായ ആക്ഷേപങ്ങളൊന്നും പരിഗണിക്കാതെ ചില പഞ്ചായത്തുകളില്‍ മാത്രം നിസാരമായ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ വിജ്ഞാപനം തയ്യാറാക്കിയത്- അദ്ദേഹം കുറ്റപ്പെടുത്തി.
വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക പരാതികളാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് ഭരണസ്വാധീനത്തില്‍ ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്. പതിനാറായിരത്തിലേറെ പരാതികള്‍ കമ്മീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. ഇതില്‍ നടത്തിയ പരിശോധനയും ജില്ല തലങ്ങളില്‍ നടത്തിയ ഹിയറിംഗുമെല്ലാം ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമായിരുന്നു. പരിശോധന ഉദ്യോഗസ്ഥരുടെ ഭേദഗതി നിര്‍ദ്ദേശം സംബന്ധിച്ച് സെക്രട്ടറിമാരുടെ അഭിപ്രായം തേടിയ നടപടിയും വിചിത്രമാണ്.-പി.എം.എ സലാം പറഞ്ഞു.
സിപിഎം നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയ സെക്രട്ടറിമാര്‍ ഭേദഗതി സംബന്ധിച്ചും പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരമാണ് മറുപടി നല്‍കിയത്. ഇതിനെ വിശ്വാസത്തിലെടുത്ത നിലപാട് പരിഹാസ്യമാണ്. സര്‍ക്കാറിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് മൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇത് മറികടക്കാന്‍ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ജനാധിപത്യ അട്ടിമറിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം ജനം വിലയിരുത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വലിയ ആഘാതമാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


