ആലുവയില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ അമ്മ തന്നെയാണ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് മൊഴി. മറ്റക്കുഴി സ്വദേശി മൂന്ന് വയസുകാരി കല്യാണിയാണ് മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികളിയായിരുന്നു.
കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
മുന്‍പും കുട്ടിയെ യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്ക്രീമില് വിഷം കലര്‍ത്തി നല്‍കയിരുന്നെന്നും മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്കി.
തങ്ങള്‍ക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്.
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.


