എറണാകുളത്ത് കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കോലഞ്ചേരി സ്വദേശിയായ ഷാജിയുടെ മകള്‍ കല്യാണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംഗന്‍വാടിയില്‍നിന്ന് മാനസിക വിഭ്രാന്തിയുള്ള അമ്മയോടൊപ്പം തിരികെയാത്ര ചെയ്യുന്നതിനിടെയാണ് മൂന്നുവയസ്സുകാരി കല്യാണിയെ കാണാതായത്.
കുട്ടിയെ കാണാതായത് ആലുവ ഭാഗത്ത് എത്തിയപ്പോഴാണെന്ന് അമ്മ ആദ്യം പൊലീസിനു മൊഴി നല്‍കിയിരുന്നു. പിന്നീട്, കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ മൊഴി മാറ്റി. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് കോലഞ്ചേരിയിലെ അംഗന്‍വാടിയില്‍നിന്ന് അമ്മ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയതാണ്.
കോലഞ്ചേരിയില്‍നിന്ന് സന്ധ്യയും കുട്ടിയും ഓട്ടോയില്‍ തിരുവാങ്കുളത്തെത്തി. തുടര്‍ന്ന് അവിടെനിന്ന് സ്വകാര്യ ബസില്‍ ആലുവ വരെ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കാണാതായെന്നാണ് പരാതി. സന്ധ്യ ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടില്‍ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അപ്പോഴാണ് ഷാജിയുടെ വീട്ടുകാരും സംഭവം അറിയുന്നത്. ഷാജി ഉടന്‍ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന സന്ധ്യ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. കുട്ടിയെക്കുറിച്ച് ചെങ്ങമനാട് പൊലീസും അല്ലിയോട് മണിക്കൂറോളം ചോദിച്ചിട്ടും വ്യക്തമായ വിവരം വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ സന്ധ്യ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.


