മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ശശി തരൂരിന്റെ പ്രശ്നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.


