ലുക്മാന് മമ്പാട്
ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സിലിന് മുന്നോടിയായി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്കി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന് അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയര്മാന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, നവാസ് കനി എം.പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്കി. അന്തര്‍ ദേശീയ ദേശീയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങള്‍ ദേശീയ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള മുസ്ലിംലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഡല്‍ഹിയിലെ ദേശീയ ആസ്ഥാനം എന്ന ചിരകാല സ്വപ്നം വെറും രണ്ട് കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ടാണ് ദേശീയ കൗണ്‍സിലിന് അതേ നഗരം വീണ്ടും വേദിയാകുന്നത്.


