ന്യൂഡല്‍ഹി: കേണല്‍ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്കി ദേശീയ വനിതാലീഗ്. ഓപ്പറേഷന് സിന്ദൂര്‍ നടപടിയുടെ മുന്‍നിരയില്‍ നിന്ന് സേവനമനുഷ്ഠിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥയായ കേണല്‍ സോഫിയാ ഖുറേഷിയെ ഭീകരവാദിയുമായി ബന്ധപ്പെടുത്തി ”തീവ്രവാദികളുടെ സഹോദരി” എന്ന് വിവാദ പരാമര്‍ശം നടത്തിയ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രി ശ്രീ. വിജയ് ഷാക്കെതിരെ നിയമപരമായ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ വനിതാലീഗ് ദേശീയ വനിതാ കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്കിയിരിക്കുന്നു.
ഒരു വനിതാ സൈനികയുടെ സേവനത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തില്‍ പദവി ദുരുപയോഗം ചെയ്ത് നടത്തിയ മന്ത്രിയുടെ പ്രസ്താവന രാജ്യസ്നേഹത്തെയും സ്ത്രീസമത്വത്തെയും നേരിട്ട് ബാധിക്കുന്നതാണെന്ന് പരാതിയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സ്ത്രീകളുടെ വളര്‍ച്ചയും പങ്കാളിത്തവും അധിക്ഷേപിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ കര്‍ശനമായി തടയപ്പെടണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടു. വിജയ് ഷാ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വിഭജനത്തിന് ഇടയാക്കുന്നതാണെന്നും ദേശദ്രോഹപ്രസ്താവനയായി കണക്കാക്കണമെന്നും ശക്തമായ നടപടികള്‍ വേണമെന്നും പരാതിയില്‍ വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.നൂര്‍ബീന റഷീദ് ആവശ്യപ്പെട്ടു.


