ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നേരിടും വിധം തിരൂര്‍ റെയില്‍വേ സ്റ്റേഷന് മുതല്‍ ഗുഡ്സ് ഷെഡ് വരെയുള്ള റോഡ് അടച്ച നടപടിയില്‍ ഇടപെട്ട് അത് തിരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇ മെയില്‍ സന്ദേശമയച്ചു. റോഡിന്റെ മറുവശത്ത് പാര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് തിരൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമല്ല അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള മാര്‍ക്കറ്റിലേക്ക് വരെ ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്.
ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വഴി അടച്ചത് നാട്ടുകാരെ വന്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ചെറുകിട വ്യാപാരികളെയും വിശേഷിച്ച് മത്സ്യ കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്ന ഈ നടപടി ജനജീവിതത്തെ പലരീതിയിലും ഗുരുതരമായി ബാധിക്കുന്നതാണ്. വഴിയടച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചുമരും ബാരിക്കേഡും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ അത് അടിയന്തരമായി തടയണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ ചുമരും ബാരിക്കേഡും അടിയന്തിര ഘട്ടങ്ങളിലെ ദുരിതാശ്വാസ നടപടികള്‍ക്കും വിഘാതമാകും. കുട്ടികള്‍ക്കോ മറ്റോ രോഗം ബാധിച്ചാല്‍ ലഭ്യമാക്കേണ്ട അടിയന്തിര ചികിത്സക്ക് വരെ ഇത് തടസ്സമാകുമെന്ന് മന്ത്രിക്കയച്ച സന്ദേശത്തില്‍ വിശദീകരിച്ചു. പൊതുജന ജീവിതത്തെയും അതിന്റെ സുരക്ഷിതത്വത്തെയും ഗുരുതരമായി ബാധിക്കുന്ന നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കാന് മന്ത്രി നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഈ പ്രശ്നം സതേണ്‍ റെയില്‍വേ മാനേജര്‍, ഡിവിഷണല്‍ മാനേജര്‍ എന്നിവരുടെയും ശ്രദ്ധയില്‍പ്പെടുത്തി.
കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍. ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരനെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ നീക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപിയാന്‍ വനമേഖലയിലേക്ക് മാറുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.


