കോഴിക്കോട് : ജനദ്രോഹ നയങ്ങൾ തുടരുന്ന പിണറായി സർക്കാറിനെതിരെ മെയ് 19ന് ജില്ലാ തലങ്ങളിൽ മുസ്ലിം യൂത്ത് ലീഗ് സമരക്കോലം സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ജനവഞ്ചനയുടെ ഒമ്പത് വർഷങ്ങളാണ് പിണറായി സർക്കാർ പിന്നിടുന്നത്. കേരളത്തിൻ്റെ സാമൂഹ്യ – സാമ്പത്തിക – വ്യാവസായിക – വിദ്യാഭ്യാസ മേഖലകൾ ഉൾപ്പടെ എല്ലാ രംഗത്തും വലിയ പരാജയമായ പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും കഴിവ് കെട്ട ഭരണകൂടമായി മാറി ജനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. പാവങ്ങൾക്ക് ലഭ്യമാക്കേണ്ട ക്ഷേമ പെൻഷനുകൾ പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്.
എന്നാൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് പകരം സർക്കാറിൻ്റെ വാർഷികാഘോഷം ആഢംബരപൂർവ്വം നടത്തുന്ന തിരക്കിലാണ് ഇടത്പക്ഷ സർക്കാർ. വേതന വർധനവിനായി ആശാ വർക്കർമാർ മാസങ്ങളായി നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളും സപ്ലൈകോ സ്റ്റാളുകളും അവശ്യസാധനങ്ങളില്ലാതെ കാലിയായി കിടക്കുന്ന സാഹചര്യമാണുള്ളത്. ആശുപത്രികളിൽ ആവശ്യമായ മരുന്നും ജീവനക്കാരുമില്ലാതെ ആരോഗ്യവകുപ്പ് പാവങ്ങൾക്ക് നിരന്തരമായി ദുരിതം സമ്മാനിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ വിതരണം പോലും ഫണ്ടില്ലാത്തതിൻ്റെ പേരിൽ താറുമാറായിരിക്കുന്നു. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങൾക്ക് കോടികൾ മുടക്കാൻ സർക്കാറിന് ഫണ്ടുണ്ട്. സാധാരണക്കാർക്ക് ദുരിതം മാത്രം നൽകുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്താൻ നടത്തുന്ന സമരക്കോലം പരിപാടി വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.


