ഓപറേഷന് സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വെടിനിര്‍ത്തലിന് ശേഷം അതിര്‍ത്തി ഗ്രാമങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉള്‍പ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, രാജസ്ഥാനിലെ ബാര്‍മര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആളുകള്‍ വീടുകളില്‍ തുടരണമെന്നാണ് നിര്‍ദേശം. വെടി നിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായിരുന്നു. സേന ശക്തമായി തിരിച്ചടിക്കുകയും വെടിനിര്‍ത്തല്‍ തുടര്‍ന്നും ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം അറിയിച്ചു.
അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പാകിസ്താന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. പ്രകോപനത്തിന് ഒരുങ്ങിയാല്‍ തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പാകിസ്താന് അറിയുമെന്നും സൈന്യം വ്യക്തമാക്കി.


