ഇന്ത്യ-പാകിസ്താന് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകനെതിരെ വ്യാപക വിമര്‍ശനം. പിന്നാലെ മാപ്പ് പറഞ്ഞ് സംവിധായകന് ഉത്തം മഹേശ്വരി.
പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല സിനിമ പ്രഖ്യാപിച്ചതെന്ന് വിമര്‍ശനത്തിനു പിന്നാലെ ഉത്തം മഹേശ്വരി നല്കുന്ന വിശദീകരണം. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യത്തോടും സൈനികരോടുമുള്ള സ്നേഹവും ബഹുമാനവും അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഉത്തം മഹേശ്വരി പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നല്കിയ തിരിച്ചടിയായ ഓപ്പറേഷന് സിന്ദൂറിന്റെ പേരിലാണ് സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയല്ലെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം.
രാജ്യം സംരക്ഷിക്കുന്നതിനായി സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്നും ഉത്തം മഹേശ്വരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം മാപ്പ് പറഞ്ഞത്.


