ഇന്ത്യക്കെതിരെ പാകിസ്ഥാന് നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ജനങ്ങളെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ച് ആക്രമണ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എങ്കിലും ഭീതിയോടെയാണ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും കാശ്മീരിലെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള പലരും ഭീതിയില്‍ കഴിയുകയാണെന്നും തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍, ഒരു അക്രമണ മുനമ്പില്‍ ഭയപ്പെട്ടുനില്‍ക്കുകയാണ് അവരെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെടിയൊച്ചകളും ഇരുട്ടും സൃഷ്ടിക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ ഉറക്കംപോലും നഷ്ടപ്പെട്ടുവെന്നാണ് പലരും സംസാരിക്കുമ്പോള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുക്കളും അവരുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് സര്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ജമ്മു കാശ്മീരിലും പഞ്ചാബിലും സഹായം ആവശ്യമുള്ളവര്‍ക്ക് എ.ഐ.കെ.എം.സി.സി ഡല്‍ഹിയും എം.എസ്.എഫ് നാഷണല്‍ കമ്മിറ്റിയും ഇതിനകം ഹെല്‍പ്പ് ഡെസ്ക് തുറന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും അവരെ ബന്ധപ്പെടാവുന്നതാണെന്നും തങ്ങള്‍ അറിയിച്ചു.
‘മലയാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുക്കാമെന്ന് മുഖ്യമന്ത്രി വാക്കുനല്കുകയും ചെയ്തു. നിലവിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം. അതിന് വേണ്ടി പ്രാര്‍ത്ഥിക്കാം’, തങ്ങള്‍ പറഞ്ഞു.


