പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.
ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാക്കിസ്ഥാന് ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടതായും സേന പറഞ്ഞു. കശ്മീരില്‍ ആശുപത്രിയും സ്കൂള്‍ പരിസരവും ആക്രമിക്കാന്‍ പാകിസ്ഥാന് ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്ത്യ തിരിച്ചടി നല്‍കിയതായും സേന സ്ഥിരീകരിച്ചു. പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു.
അതേസമയം പാക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തതായും കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന് ആക്രമിക്കാന്‍ ശ്രമിച്ചതായും സൈന്യം അറിയിച്ചു. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന് ലക്ഷ്യമിട്ടതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു.
ഇതിനോടകം പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധ-വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സൈനിക നടപടികള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വിശദീകരിച്ചു.


