മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് തിങ്കാഴാഴ്ച്ച പ്രവര്‍ത്തനം അവസാനിപ്പിച്ചു. രണ്ടുദശാബ്ദത്തിന് ശേഷം പുതിയ പ്ലാറ്റ്ഫോമായ ടീംസിന് വഴി മാറുകയാണ്. സ്കൈപ്പിലെ എല്ലാ ചാറ്റുകളും കോണ്ടാക്ടുകളും ടീംസില്‍ ലഭ്യമാണ്. സ്കൈപ്പിലെ ലോഗിന്‍ വിവരങ്ങള്‍ ടീംസിലും ലഭ്യമാണ്. കമ്പനിയുടെ ആശയവിനിമയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
2003 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്കൈപ്പിനെ 2011 ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചര്‍ എന്നിവയുടെ വരവോടുക്കൂടിയാണ് സ്കൈപ്പിന്റെ ജനപ്രീതി കുറഞ്ഞത്. മൈക്രോസോഫ്റ്റ് ടീംസിലൂടെ ഉപയോക്താക്കള്‍ക്ക് സ്കൈപ്പില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ലഭ്യമാകും. ഗ്രൂപ്പ് കോള്‍, വണ്‍ ഓണ്‍ വണ്‍ കോള്‍, മെസേജ്, ഫയല്‍ ഷെയറിംഗ് തുടങ്ങിയ ഫീച്ചറുകളെല്ലാം ടീംസിലും ലഭ്യമാകും.


