വഖഫ് ഭേദഗതി നിയമത്തിന് പിന്നിൽ കേന്ദ്ര സർക്കാറിന് ഗൂഢലക്ഷ്യങ്ങളെന്ന് സുപ്രീംകോടതിയിൽ ആവർത്തിച്ച് മുസ്ലിംലീഗ്. നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന കേന്ദ്ര സർക്കാർ വാദം തെറ്റാണെന്നും മൗലികാവകാശങ്ങൾ ലംഘിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം തട്ടുന്നതുമായ നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും മുസ്ലിംലീഗ് ചണ്ടിക്കാട്ടി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായി മുസ്ലിംലീഗ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് മുൻകാല കോടതി വിധികൾ ഉദ്ധരിച്ച് മുസ്ലിംലീഗ് നിലപാട് വ്യക്തമാക്കിയത്.
ഹിന്ദു, സിഖ് മതസ്ഥാപനങ്ങളുടെ ഭരണത്തിന് രൂപീകരിച്ച നിയമങ്ങൾ അതത് വിഭാഗങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. 1978ലെ ഗുരുവായൂർ ദേവസ്വം നിയമവും 1925ലെ സിഖ് ഗുരുദ്വാരാ നിയമവും ഇതിന് ഉദാഹരണമാണ്. അതത് മതവിശ്വാസികൾക്ക് മാത്രമേ ഇത്തരം ഭരണസമിതികളിൽ പങ്കാളിത്തമുള്ളൂ. എന്നാൽ വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും ഇതിന് വിരുദ്ധമായി മുസ്ലിംകൾ അല്ലാത്തവരെ ഉൾപ്പെടുത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് തുല്യതയുടെ ലംഘനമാണെന്നും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയുള്ള മറുപടി സത്യവാങ്മൂലം അഭിഭാഷകനും മുസ്ലിംലീഗ് രാജ്യസഭാംഗവുമായ അഡ്വ. ഹാരിസ് ബീരാനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
ഗുരുതര ഭരണഘടനാ ലംഘനങ്ങൾ ഉൾകൊള്ളുന്ന നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് മുൻകാല കേസുകൾ അക്കമിട്ടു നിരത്തിയും വിവാദമായ കർഷക നിയമത്തിലെ വ്യവസ്ഥകൾ മരവിപ്പിച്ചത് ചൂണ്ടിക്കാട്ടിയും മുസ്ലിലീഗ് ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭരണഘടനയുടെ അനുഛേദം 14, 15, 26 പ്രകാരം മതപ്രചാരണം നടത്താനും മതസ്ഥാപനങ്ങൾ നടത്താനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമം. കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസിലെ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് കേന്ദ്ര സർക്കാർ നീക്കം. നിയമഭദഗതി മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ദോഷം ചെയ്യില്ലെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലെ വാദം കളവാണ്. വലിയ രീതിയിൽ ഇത് ന്യൂനപക്ഷങ്ങളേയും അവരുടെ ജീവിതത്തെയും ബാധിക്കും.
വഖഫ് ബൈ യൂസർ റദ്ദാക്കാനുള്ള നിയമത്തിലെ വ്യവസ്ഥയും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. നിയമം വഴി വഖഫ് സ്വത്തുക്കൾ വഖഫ് അല്ലാതാ കുമെന്ന ഭീതിയുണ്ട്. പള്ളികൾ മാത്രമല്ല, ശ്മശാനങ്ങൾ, മദ്രസകൾ, സ്കൂളുകൾ, കോളജുകൾ, മതപഠന ശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപന ങ്ങൾ എന്നിവയുടെ നിലനിൽപ്പ് ആശങ്കയിലാണ്. കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വഖഫ് ഭൂമി സം ബന്ധിച്ച് പറയുന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതും പെരുപ്പിച്ചു കാട്ടിയതുമാണെന്ന് മുസ്ലിംലീഗ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. പതിനൊന്ന് വർഷത്തിനിടെ വഖഫ് ഭൂമി 116 ശതമാനം വർധിച്ചെന്നത് അടിസ്ഥാന രഹിതമാണെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.


