കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നുണ്ടായ അപകടം അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥന് പറഞ്ഞു.
രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുള്‍പ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍, എറണാകുളം പള്‍മണോളജി എച്ച്ഒഡി, കൊല്ലം മെഡി. കോളജ് ഫോറന്‍സിക് ഹെഡ് എന്നിവരടങ്ങുന്ന ടീമായിരിക്കും അന്വേഷിക്കുക. ഇന്ന് പത്ത് മണിക്ക് ആരംഭിച്ച യോഗം മൂന്നര മണിക്കൂര്‍ നീണ്ടു. വകുപ്പ് മേധാവികള്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ഡിഎംഇ, പ്രിന്‍സിപ്പല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, പുകയുണ്ടായ കാഷ്വാലിറ്റി ഉള്‍പ്പെടുന്ന ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കേണ്ടതുണ്ട്. അപകടമുണ്ടായ ബ്ലോക്കിലെ രോഗികളെ മാറ്റുന്നതിനാണ് ആദ്യ മുന്‍ഗണന. താഴത്തെ നിലയും ഒന്നാം നിലയും ഒഴികെയുള്ള മറ്റ് നിലകള്‍ ഇന്നു തന്നെ പ്രവര്‍ത്തനസജ്ജമാക്കും. കാഷ്വാലിറ്റി, എംആര്‍ഐ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് വൈകും.


