മലയാള സിനിമയിലെ പ്രമുഖ നടനെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കാതെ വിഷയത്തില്‍ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന്. ലിസ്റ്റിന് പരാതി നല്കിയാല് മാത്രം പരിശോധിക്കുമെന്നും ലിസ്റ്റിന്റെ ആരോപണം വ്യക്തിപരമായ വിഷയമായി കാണുന്നുവെന്നും അസോസിയേഷന് വ്യക്തമാക്കി.
മലയാള സിനിമയിലെ ഒരു പ്രമുഖനടന് വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നും വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുമായിരുന്നു ലിസ്റ്റിന്റെ വിവാദ പ്രസ്താവന. നടന്റെ പേര് വെളിപ്പെടുത്താതെയാണ് ലിസ്റ്റിന് വിവാദ പ്രസ്താവന നടത്തിയത്. ഇതോടെ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം. വിഷയത്തില്‍ ഇടപെടേണ്ട എന്നാണ് നിലവില്‍ അസോസിയേഷന് തീരുമാനം.
അതേസമയം ലിസ്റ്റിന് പരാതി നല്കിയാല് അത് പരിശോധിക്കുമെന്നും പരാതി ഔദ്യോഗികമായി ലഭിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നുമാണ് അസോസിയേഷന് നിലപാട്.
മാത്രമല്ല, ലിസ്റ്റിന് പരാതി നല്‍കാതെ പൊതു വേദിയില്‍ വിമര്‍ശനം നടത്തിയതില്‍ അസോസിയേഷനില്‍ എതിര്‍പ്പുണ്ട്. കൂടാതെ ലിസ്റ്റിന്റെ അഭിപ്രായ പ്രകടനത്തില്‍ മറ്റ് സിനിമ സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.


