പ്രവൃത്തിദിനങ്ങളില്‍ സ്കൂള്‍ വാര്‍ഷിക പരിപാടി നടത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍. പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.
സ്കൂള്‍ പ്രവര്‍ത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പാടില്ല. സര്‍ക്കാറിതര ഏജന്‍സികളും ക്ലബുകളും വിവിധ സംഘടനകളും സ്കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ.
പഠനത്തോടൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ അവകാശമാണ്. കുട്ടികള്‍ക്ക് സമ്മര്‍ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണം.
സ്കൂള്‍ വാര്‍ഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ച് തളര്‍ന്നിരിക്കുന്ന കുട്ടികളെ സ്കൂളുകളില്‍ കാണാന്‍ കഴിഞ്ഞതായും തോട്ടടയിലെ റിട്ട. ടീച്ചര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.


