ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി പാകിസ്താന്. 450 കിലോമീറ്റര്‍ പരിധിയിലുള്ള പരീക്ഷണം നടത്തിയെന്നാണ് അവകാശവാദം. സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് അബ്ദാലി വെപ്പണ്‍ സിസ്റ്റത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയതെന്ന് പാക് സൈന്യം പറഞ്ഞു.
സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനികത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണമെന്നും പാകിസ്താൻ വ്യക്തമാക്കി. പാകിസ്താന്റെ ഏതൊരു മിസൈൽ പരീക്ഷണത്തെയും ഇന്ത്യ ഗുരുതരമായ പ്രകോപനമായാണ് കാണുന്നത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താന് നയതന്ത്രബന്ധത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ അവകാശവാദം. എന്നാല്‍ എന്തെങ്കിലും മിസൈല്‍ പരീക്ഷണം ഈ ഘട്ടത്തില്‍ നടത്തുന്നത് പ്രകോപനമായി കാണുമെന്നതാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. മിസൈലിന്റെ സാങ്കേതിക വിദ്യയിലും സൈന്യത്തിന്റെ കഴിവിലും ഈ പരീക്ഷണത്തോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചു.


