യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമായതിനു പിന്നാലെ പ്രതികരണവുമായി പി വി അന്‍വര്‍. യുഡിഎഫിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു.
ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ തീരുമാനമായത്. അന്‍വറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. അന്‍വറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് വ്യക്തമാക്കി. എല്ലാ കക്ഷികളുമായും പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തുമെന്നും ഒരാഴ്ച്ചയ്ക്കകം വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെ മുന്നിലുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിണറായിസത്തിനുള്ള വലിയ തിരിച്ചടി നിലമ്പൂരില്‍ ഉണ്ടാകും. പിണറായിസത്തെ തുറന്നുകാട്ടാനാണ് താന്‍ രാജിവെച്ചത്. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


