അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാന്‍, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും രാംപഥില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്പ്പറേഷന് അംഗീകാരം നല്കി.
അയോധ്യയില്‍ മാംസവും മദ്യവും വില്‍പ്പന നടത്തുന്നത് നേരത്തെ വിലക്കിയിരുന്നെങ്കിലും ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാംപഥില്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നഗരത്തിന്റെ യഥാര്‍ഥ ആത്മീയ മുഖം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ പ്രമേയം പാസാക്കിയെന്നും മേയര്‍ അറിയിച്ചു.ബിജെപിയില്‍ നിന്നുള്ള സുല്‍ത്താന്‍ അന്‍സാരി മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്ലിം കോര്‍പ്പറേറ്റര്‍.
അയോധ്യയിലെ സരയു തീരത്ത് നിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ച് കിലോമീറ്റര്‍ ദൂരം ഫൈസാബാദ് നഗരത്തിലാണ് വരുന്നത്. നിലവില്‍ ഈ ഭാഗത്ത് മാംസവും മദ്യവും വില്‍ക്കുന്ന നിരവധി ഔട്ട്ലെറ്റുകള് ഉണ്ട്.


