രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതിസെന്‍സസും നടപ്പാക്കാനുള്ള നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. പൊതുസെന്‍സസിനോടൊപ്പം ജാതിസെന്‍സസ് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ കക്ഷികള്‍ ജാതിസെന്‍സസ് നടപ്പാക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.
2011ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021ല്‍ നടത്തേണ്ട പൊതുസെന്‍സസ് 2025 ആയിട്ടും നടത്തിയിട്ടില്ല. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം.
ഇന്ത്യന്‍ ജനതയില്‍ 75 ശതമാനത്തിലധികംവരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെന്‍സസ് നടപ്പാക്കുകയെന്നത്. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴില്‍- വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്കാന് ജാതി സെന്‍സസിന് സാധിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു


