മലപ്പുറം: തെരുവ് നായയുടെ ക്രൂരമായ അക്രമത്തിനിരയായ ബാലികയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസിനാണ് (6) പേവിഷ ബാധ സ്ഥിരീകരിച്ചത്. പാതയോരത്ത് നിൽക്കുമ്പോഴാണ് സിയയെ തെരുവ് നായ കടിച്ചത്. മറ്റു 5 പേർക്കും അന്ന് നായയുടെ കടിയേറ്റിരുന്നു. എല്ലാവരും അന്ന് തന്നെ കുത്തിവയ്പ്പ് എടുത്തിരുന്നു.
ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മാർച്ച് 29 നാണ് പെണ്‍കുട്ടിക്കും മറ്റ് ആറുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. മുറിവുകളെല്ലാം ഉണങ്ങിയെങ്കിലും കഴിഞ്ഞ ദിവസം പനി ബാധിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
തലയിലും മേലാസകലവും സിയയെ നായ കടിച്ച് മുറിവേൽപ്പിച്ചിരുന്നു. രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് അന്ന് സിയയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


