പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്.
പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.
തുർക്കി വ്യോമസേനയുടെ 7 സി – 130 ഹെർക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ്ലാമാബാദിലുമാണ് ഇറക്കിയത്.


