താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായി കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും. ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ ഷഹബാസിന്റെ കുടുംബം തടസ്സവാദം ഉന്നയിക്കും.
കുറ്റാരോപിതരായ ആറു കുട്ടികളും ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികളുടെ സാമൂഹിക മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യുഷന് വാദിച്ചിരുന്നു. കേസില്‍ പ്രതികളായ ആറു പേര്‍ക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്.
അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവരെന്നും ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങളെയെല്ലാം കോടതി തള്ളുകയായിരുന്നു. ഫെബ്രുവരി 28 ന് വിദ്യാര്‍ഥികള്‍ സമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.


