ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആരോപണ വിധേയരായ താരങ്ങളുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും മറ്റ് ഇടപാടുകളില്ലെന്നും മുഖ്യ പ്രതി തസ്ലിമ സുല്‍ത്താന. സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ് ഇടപാടുകള്‍ ഇല്ലെന്ന് തസ്ലിമ പ്രതികരിച്ചു. 24 വരെ കസ്റ്റഡിയില്‍ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങള്‍ക്ക് നോട്ടീസ് അയക്കാനാണ് എക്സൈസ് തീരുമാനം.
റിമാന്‍ഡ് ചെയ്ത് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ എക്സൈസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനായിരുന്നു എക്സൈസിന്റെ തീരുമാനം.
ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടു. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെ ഒരുമിച്ചാണ് എക്സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്.
എന്നാല്‍ അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ ആരോപണവിധയരായ താരങ്ങളുമായുള്ള ബന്ധം തസ്ലിമ അന്വേഷണ സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു. 27 ന് ഏറണാകുളത്ത് എത്തിയ ഇവര്‍ 6 കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതായാണ് വിവരം.
അതേസമയം 3 കിലോ സിനിമാമേഖലയില്‍ വിതരണം ചെയ്തോ എന്നും എക്സൈസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയില്‍ പ്രതികളെ വിട്ടുകിട്ടിയതിനാല്‍ ഉടനേ തന്നെ ഷൈന്‍ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ആണ് തീരുമാനം.
അതേസമയം ഷൈന്‍ ടോം ചാക്കോക്കെതിരെ സിനിമ സംഘടനയായ ‘അമ്മ’ ആഭ്യന്തര സമിതിക്ക് നല്കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് നടി വിന്‍സി അലോഷ്യസ് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കും. ആഭ്യന്തര സമിതി യോഗം ചേരുന്നുണ്ട്. അതില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. നടന് ഷൈന്‍ ടോം ചാക്കോ സൂത്രവാക്യം സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ചെന്നാണ് വിന്‍സി അലോഷ്യസിന്റെ പരാതി.
അതിനിടെ, സിനിമ മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് ആവശ്യമായ നടപടിയെടുക്കും. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഷൈനിന്റെ മൊഴിയില്‍ സിനിമ മേഖലയെ കുറിച്ചുള്ള പരാമര്‍ശമില്ല. മൊഴിയില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി പേര് നിരീക്ഷണത്തിലാണെന്നും കമീഷണര്‍ പറഞ്ഞു.


